നെടുങ്കണ്ടം: ചെമ്മണ്ണാര് ആട്ടുപാറയില് ഏലത്തോട്ടത്തിലെ കുളത്തില് തമിഴ്നാട് സ്വദേശിയായ തോട്ടം തൊഴിലാളിയെ മുങ്ങിമരിച്ച നിലയില് കണ്ടെത്തി. ആട്ടുപാറ കെ.ആര്. എസ്റ്റേറ്റ് ലയത്തില് കണ്ണന് എന്ന ദുരൈയാണ്( 47) മരിച്ചത്. കണ്ണനെ ഞായറാഴ്ച രാത്രി ഏഴരമുതല് കാണാനില്ലായിരുന്നു. തുടര്ന്ന് ഇന്നലെ രാവിലെ എസ്റ്റേറ്റിലെ കുളത്തിനു സമീപം ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതോടെയാണ് കുളത്തില് വീണിട്ടുണ്ടാകാമെന്ന സംശയം ഉയര്ന്നത്.
നാട്ടുകാര് ഉടുമ്പന്ചോല പോലീസിനെയും നെടുങ്കണ്ടം ഫയർഫോഴ്സിനേയും വിവരം അറിയിച്ചു. തുടര്ന്ന് നെടുങ്കണ്ടം ഫയർഫോഴ്സും കട്ടപ്പനയിലെ സ്കൂബാ ടീം അംഗങ്ങളും ചേര്ന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തില്നിന്ന് മൃതദേഹം കണ്ടെത്തിയത്. അസ്വഭാവിക മരണത്തിന് കേസെടുത്ത് ഉടുമ്പന്ചോല പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ഇടുക്കി മെഡിക്കല് കോളജിലേക്കു മാറ്റി.